മദ്യക്കമ്പനികൾ മദ്യവിതരണം വെട്ടിക്കുറയ്ക്കുന്നു
മദ്യനയത്തിൽ പ്രതീക്ഷിച്ച നികുതിയിളവ് ലഭിക്കാതെ പോയതും എക്സൈസ് ഡ്യൂട്ടി മുൻകൂർ അടയ്ക്കുന്നതിൽനിന്നു ബവ്കോ പിൻമാറിയതും മൂലം മദ്യക്കമ്പനികൾ മദ്യവിതരണം വെട്ടിക്കുറയ്ക്കുന്നു. സ്പിരിറ്റ് വില 20 ശതമാനത്തിലേറെ ഉയർന്നതും വിതരണം ഇടിയാൻ കാരണമായി. കൂടുതൽ വിൽപന നടക്കുന്ന വിലകുറഞ്ഞ മദ്യം പല വിൽപനശാലകളിലും സ്റ്റോക്ക് ഇല്ല.
ഉയർന്ന പ്രതിദിന കച്ചവടം നടക്കുന്ന വിശേഷദിവസങ്ങൾ വരാനിരിക്കെയാണു മദ്യവിതരണത്തിൽ ഇടിവ്. കേരളത്തിലെ മദ്യക്കമ്പനികൾ സംസ്ഥാനത്തിനു നൽകുന്ന 14 % വിറ്റുവരവ് നികുതി ഒഴിവാക്കണമെന്ന ആവശ്യത്തോടു സർക്കാർ അനുകൂലമായാണു ചർച്ചയിൽ പ്രതികരിച്ചത്. എന്നാൽ മദ്യനയത്തിൽ ഇതുൾപ്പെടുത്തിയില്ല. വില കുറഞ്ഞ ബ്രാൻഡുകൾ കൂടുതൽ നൽകുന്നതു കേരളത്തിലെ കമ്പനികളാണ്. മദ്യക്കമ്പനികളുടെ എക്സൈസ് ഡ്യൂട്ടി ബവ്റിജസ് കോർപറേഷൻ മുൻകൂറായി നികുതി വകുപ്പിനു നൽകിയിരുന്ന രീതി ഈ ഏപ്രിലോടെ അവസാനിപ്പിച്ചതും കമ്പനികൾക്കു തിരിച്ചടിയായി. ആദ്യം ബവ്കോ എക്സൈസ് ഡ്യൂട്ടി സർക്കാരിനു നൽകുകയും മദ്യക്കമ്പനികൾക്കു മദ്യവില സർക്കാർ നൽകുമ്പോൾ ഈ തുക കോർപറേഷനു കമ്പനികൾ തിരിച്ചുനൽകുകയുമായിരുന്നു രീതി.
സ്പിരിറ്റ് വില ലീറ്ററിനു 70 രൂപയിൽ എത്തിയതു പല കമ്പനികളെയും പ്രതിസന്ധിയിലാക്കി. ഈ വർഷത്തേക്കുള്ള നിരക്കു കഴിഞ്ഞ മാസം ഉറപ്പിക്കേണ്ടതായിരുന്നെങ്കിലും ഏപ്രിൽ 16 വരെ ബവ്കോ ടെൻഡർ സമയം നീട്ടി നൽകിയിരുന്നു. എന്നാൽ കമ്പനികൾ ഇതിന് ഉത്സാഹം കാണിച്ചിട്ടില്ല. ബ്രാൻഡ് റജിസ്ട്രേഷന്റെ തോതും കുറഞ്ഞു. ഇതിനും സമയം ദീർഘിപ്പിച്ചു നൽകിയിട്ടുണ്ട്. നിലവിൽ മദ്യദൗർലഭ്യം ഇല്ലെന്നു ബവ്കോ എംഡി എസ്.ശ്യാംസുന്ദർ പറഞ്ഞു.